പ്രേം നസീര് എന്ന മലയാള സിനിമശാഖ അവസാനിച്ചിട്ട് 25 കൊല്ലം കഴിഞ്ഞു.
എനിക്കും ഈ പ്രസ്ഥാനത്തിന്റെ അവസാനവുമായി ബന്ധപെട്ടു ഒരു ചെറു ഓർമ്മ ഉണ്ട്. ഏതു വിഷയത്തിലും അതിൽ നേരിട്ടും അല്ലാതെയും പങ്കു പറ്റുന്നവർക്ക് അവരുടേതായ രീതിയിൽ ആയിരിക്കുമല്ലോ ആ വിഷയത്തിൽ സ്മരണകൾ. ഒരാളുടെ സങ്കടം മറ്റൊരാളുടെ സന്തോഷവും വേറെ ഒരാളുടെ അഹങ്കാരാവും ആകാം.
പ്രേംനസീർ എന്ന അതുല്യമനുഷ്യന്റെ അവസാന ചിത്രം ഇറങ്ങിയിട്ടും 25 വർഷം. ഒരു പക്ഷെ ഒരു മകനും ലഭിക്കാത്ത ഒരു സർപ്രൈസ് കിട്ടിയിട്ടും 25 വർഷം കഴിഞ്ഞു. ആ മകൻ ആണ് ഞാൻ
പ്രേം നസീർ എനിക്ക് അന്ന് "പ്രശ്നം ഗുരുതര"ത്തിലെ പാവം ആളും; "ഇരട്ടിമധുര"ത്തിലെ പാവംഅച്ഛനും മാത്രമായിരുന്നു. അതിലപ്പുറമൊന്നും അദ്ദേഹത്തിലെ കലാകാരനെ അന്ന് എനിക്കറിയില്ല.
എന്റെ സ്മരണ "ധ്വനി" എന്ന സിനിമയിൽ ആണ്. തൃശൂർ രാംദാസ് തിയേറ്ററിൽ പോയി ആ സിനിമ എന്റെ ഉപ്പ കാണിച്ചു തന്നപ്പോ ഞാൻ പുതിയ ഒരു സ്ഥലം കണ്ട സന്തോഷത്തിൽ ആയിരുന്നു. എന്റെ വീട്ടില് ഇടയ്ക്ക് വന്നു ഞങ്ങൾ ഇളയവരെ കളിപ്പിച്ചു താമസിച്ചിരുന്ന മൂത്ത കസിൻസ് മുനീർകാക്കയുടെയും സാബിതാത്തയുടെയും നാട് എന്നതിൽ കവിഞ്ഞു ഒരു പ്രത്യേകതയും അന്ന് എനിക്ക് തൃശ്ശൂരിനുള്ളതായി അറിയില്ല.
ദുബൈയിൽ നിന്നും നാട്ടില എത്തി കേവലം നാല് വര്ഷം പോലും ആയിരുന്നില്ല അന്ന് 11 വയസുള്ള എനിക്ക്. ശരാശരി NRI കുട്ടികളുടെ എല്ലാ കുറവുകളും അന്ന് എനിക്ക് ഉണ്ടായിരുന്നു.
അങ്ങനെ ആ സിനിമ കണ്ടു തുടങ്ങി. സ്ക്രീനിൽ " നിർമാണം അംജദ് അലി" എന്ന് കണ്ടപ്പോൾ ഞാൻ കൗതുകത്തോടെ എന്റെ ഉപ്പനോട് പറഞ്ഞു " ഹായ്; അയാൾക്കും എനിക്കും ഒരേ പേര്".
"അത് നീ തന്നെയാടാ "; എന്റെ ഉപ്പ ഒരു കള്ളചിരിയോടെ എന്നോട് പറഞ്ഞു. ഞാൻ ഞെട്ടി. ഉപ്പാന്റെ മുഖത്ത് ഒരു ജേതാവിന്റെ ഭാവം ഉണ്ടായിരുന്നു. അപൂർവമായി മാത്രമേ ഉപ്പാന്റെ മുഖത്ത് ഞാൻ കണ്ടിട്ടുള്ളു,. അത് കൊണ്ട് തന്നെ ആ വാക്ക് വിശ്വസിക്കാതിരിക്കാൻ എനിക്ക് തോന്നിയില്ല. നിർമാണം എന്ന വാക്കിന്റെ അർത്ഥം പോലും എനിക്കറിയില്ല. എങ്കിലും പടം വിട്ടപ്പോൾ നെഞ്ചും വിരിച്ചു നടന്നു ഞാൻ.
എത്ര പേർക്ക് ഈ സന്തോഷം ഉണ്ടായിട്ടുണ്ടാകും എന്ന എനിക്ക് അറിയില്ല. ഒരു നാൾ തന്റെ പേര് സ്ക്രീനിൽ വരുന്നത് സ്വപ്നം കണ്ടു ഇന്നും ഒരു പാട് പേർ ജീവിക്കുന്നുണ്ട് . അന്ന് എന്റെ ഉപ്പ എനിക്ക് തന്നത് അത്രയും വലിയ ഒരു സർപ്രൈസ് ആയിരുന്നു.
അന്ന് മുസ്ലിം സമുദായത്തിനിടയിലെ സാധാരണക്കാരന്റെ കാഴ്ചപാടിൽ "ബ്ലാസ്ഫെമി" ആയിരുന്നു സിനിമ. അപ്പോഴാണ് ഒരു ഉൾനാട്ടിൽ ജനിച്ച എന്റെ ഉപ്പ സിനിമ നിർമാണം ചെയ്യുന്നത്. കേരളമെമ്പാടും ഒരു വിതരണശൃംഖല കെട്ടിപടുക്കുന്നത്. വീട്ടിലെ ഫോണ്‍ 2 ഡിജിറ്റ് മാത്രമായിരുന്ന കാലത്ത്; 1 മണിക്കൂർ കഴിഞ്ഞു ലൈറ്റ്നിങ്ങ് കാൾ കണക്റ്റ് ആകുന്ന കാലത്ത്; റോഡിൻറെ പര്യായം അംബാസഡർ ആയിരുന്ന കാലത്ത്; യാതൊരു മുൻപരിചയവും ഇല്ലാത്ത മേഖലയിൽ, ഒരു ഉൾഗ്രാമത്തിൽ നിന്നുമൊരാൾ ഇത്തരം ഒരു സംരംഭം തുടങ്ങിയതിനെ ചെറുതായി കാണാൻ എനിക്കാകില്ല.(വെറുതെ ഒന്നുമല്ല മൂപർ മന്ത്രി ആയത്. കഴിവുണ്ടായിട്ടു തന്നെയാ)
ഇതിനൊരു സ്മരണിക എന്ന നിലയിൽ "ധ്വനി" എന്ന സിനിമയുടെ ഒരു റീമേയ്ക്ക് ചെയ്താലോ എന്ന ഒരു ആശയം ഞാൻ ആലോചിച്ചിരുന്നു. ടെലിഫിലിം ആയിരുന്നു മനസ്സിൽ. ഏഷ്യാനെറ്റ് റേഡിയോയിൽ ഉണ്ടായിരുന്ന മൌരിൻ റിയാസ് എന്റെ കസിനാണ്. ഒരു സ്ലോട്ട് ഒപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോ; ഡേയ്ലികളുടെ കാലത്ത് അത് പാട് ആണെങ്കിലും; ക്ലയന്റ് ഉണ്ടെങ്കിൽ ചാനൽ എടുക്കാതിരിക്കില്ല എന്നാ ധൈര്യം തന്നു. എന്റെ ഒപ്പം പഠിച്ച രഞ്ജിത്ത് ശങ്കറെ ചാറ്റിനു കിട്ടി. അവനപ്പോ സിനിമ മൂത്ത് ജോലി വിട്ട സമയം. അവനും പ്രൊജക്റ്റ് മുന്നോട്ട് കൊണ്ട് പോകാൻ ഒരു താല്പര്യം ഉണ്ടായിരുന്നു. പക്ഷെ എല്ലാതും ഒന്ന് തുടങ്ങാൻ ഏറ്റവും വലിയ ഒരാൾ തീരുമാനിക്കണമല്ലോ . പടച്ചോൻ. മൂപർ സമ്മതിച്ചില്ല. മൌറി;അംബുവിനെ പ്രസവിക്കാനും പോയി; രഞ്ജിത്ത്"പുണ്യാളൻ അഗർബതി"യിൽ അസിസ്റ്റന്റ് ആകാനും. ഞാൻ ആണേ പ്രവാസിയുടെ ന്യായീകരണങ്ങൾ കണ്ടെത്തി ഐഡിയ പെട്ടിയിലും വെച്ചു.
എന്നാലുംആഗ്രഹിക്കുന്നുണ്ട്.
ആരെങ്കിലും ധ്വനിക്കൊരു റീമേയ്ക്ക് ചെയ്യുന്നത് കാണാൻ.
അന്ന് നസീർ സാറും ജയഭാരതി ചേച്ചിയും ചെയ്ത ജോഡി ഇന്ന്അദ്ദേഹത്തെ മിമിക് ചെയ്തു ജീവിതം തുടങ്ങിയ ജയറാം സാറും ശോഭന/പാർവതി ചേച്ചിമാരിൽ ആരെങ്കിലും ചെയ്തു കാണാൻ.
കെപി ഉമ്മർ സര് ചെയ്ത മന്ത്രിവേഷം ഇന്ന്അതിലെ മകന്റെ റോൾ ചെയ്ത സുരേഷ്ഗോപി സർ ചെയ്യാൻ.
"വെട്ടുകുഴി";(തിലകൻ സാറുടെ പേര്,അന്ന് ആ കാരക്ടരുടെ പേര് ആയെ അറിയുമായിരുന്നുള്ളൂ);ആര് ചെയ്യും എന്നതിന് ഒരു വ്യക്തമായ ഉത്തരം എനിക്കില്ല. ഒരു പക്ഷെ ഇന്ദ്രജിത്ത്?
ആ സിനിമയിൽ അഭിനയിച്ച ഇന്ന് ഇല്ലാത്ത ഇത്ര പേരുടെ പേരെ എനിക്ക് ഓര്മ വരുന്നുള്ളൂ. പിന്നെ യൂസഫലി കേച്ചേരി-നൌഷാദ് എന്ന ഇമ്പോസ്സിബ്ൾ ജോഡിയുടെ 6 പാട്ടുകളും
ഇത് സംഭവിക്കാതിരിക്കില്ല എന്ന് മനസ്സ് പറയുന്നു
വാൽകഷ്ണം : ആകെ ഒരു സീൻ മാത്രമാണ് ഓര്മ.
വെട്ടുകുഴി,ജഗതിയും ഇന്നസന്റും നിൽക്കുന്നിടത്ത് വന്നിട്ട് പറഞ്ഞിട്ട് പോകും അയാളും ജഡ്ജിയും ഒരു മിച്ചു പഠിച്ചതാണ് എന്ന്. അപ്പൊ ഇന്നസൻറ് ജഗതിയോട് ചോദിക്കും ഈ വെട്ടുകുഴി കുറെ പഠിച്ചതാണല്ലേ? കണ്ട തോന്നില്ല.
അപ്പൊ ജഗതിയുടെ മറുപടി ഒപ്പം പഠിച്ചിട്ടുണ്ടെങ്കിൽ അത് ഒന്നാം ക്ലാസിൽ മാത്രം ആയിരിക്കും. അതിനപ്പുറം എന്തായാലും ഉണ്ടാകില്ല.