Tuesday, September 25, 2012

തിലകന്‍


തിലകന്‍:

ഒരു പാട് അനുഗ്രഹീതര്‍ എഴുതിയും, പറഞ്ഞും, രോഷം പ്രകടിപ്പിച്ചും, ആ ശുദ്ധാത്മാവിന്റെ മരണവും ആഘോഷിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനിയും അതില്‍ ഒരു ഏട്‌ കൂട്ടിച്ചേര്‍ക്കാന്‍ എനിക്ക് ഉദ്ദേശമില്ല. ഇതില്‍ കുറിക്കാന്‍ ആഗ്രഹിക്കുന്നത്, മലയാളസിനിമയുടെ പരിണാമ ദശയില്‍ അദ്ദേഹത്തെ പോലുള്ളവരുടെ വിടവാങ്ങല്‍ വരുത്തിയെക്കാവുന്ന വേഗമാണ്.


സിനിമ ലോകം മുഴുവന്‍ പുറത്തിരിത്തിയിട്ടും രണ്ടു നല്ല കഥാപാത്രങ്ങള്‍ വന്നപ്പോള്‍, അവര്‍ക്ക് അദ്ദേഹത്തെ തേടി പോകേണ്ടി വന്നു. അതേ പോലെ മറ്റൊരു അഹങ്കാരമുണ്ട്  മലയാളത്തിനു. നാട് ജഗതി. പേര്‍ ശ്രീകുമാര്‍; സുഹുര്ത്തുക്കള്‍ അമ്പിളി എന്നും വിളിക്കും. അദ്ദേഹവും മരണത്തോട് മല്ലിട്ട് കൊണ്ടിരിക്കുന്നു. പൂര്‍ണ്ണമായും സിനിമയില്‍ തിരിച്ചെത്താനുള്ള സാധ്യത അധികമാരും കാണുന്നില്ല എന്നാണു, "അമ്മ" അവഗണിക്കുന്നത് കാണുമ്പോള്‍ മനസിലാകുന്നത്.






ഒരിക്കലെവിടെയോ വായിച്ചിരുന്നു; നായകന്മാരുടെ കാര്യത്തില്‍ ഹിന്ദിക്കോ തമിഴിനോ മലയാളത്തിന്റെ അത്രയോ, അതിനേക്കാള്‍ ഏറെയോ നടന്മാരുണ്ട്. ദേശീയപുരസ്കാരം കിട്ടിയ നടന്മാരുടെ ലിസ്റ്റില്‍, ഇന്ന് മറ്റു ഭാഷ മുഖ്യധാര നായകന്മാരുടെ പേരും വേണ്ടുവോളം കേള്‍ക്കുന്നുണ്ട്. എന്നാല്‍, ഒരു നെടുമുടിയോ, ജഗതിയോ, തിലകനോ, ഇന്നസെന്റോ അങ്ങനെ ആര്‍ക്കും കണ്ടുകിട്ടാനില്ല. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പോയിട്ടുള്ള റീമെയ്‌ക്കുകള്‍ പരിശോധിച്ചാല്‍ അത് മനസിലാകും. ഇവര്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ മറ്റു നടന്മാര്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അരോചകത മതി ഈ കാഴ്ചപ്പാട് ശരിവെക്കാന്‍


തിലകനും ജഗതിയും ഉണ്ടാക്കാന്‍ പോകുന്ന ശൂന്യത ഇനി അനിവാര്യമാക്കുക സിനിമയുടെ അടിമുടി മാറ്റമാകും . ഇത് വരെ തിരക്കഥാകൃത്തുകള്‍ക്ക് ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നു. നായകന്റെയോ വില്ലന്റെയോ ഭാരം അല്പം ഈ നടന്മാരുടെ തോളത്ത് വെക്കാമായിരുന്നു. ഗോഡ്ഫാദറില്‍ എന്‍ എന്‍ പിള്ളയ്ക്ക് അത്ര പേര് കിട്ടാന്‍ കാരണം, തിലകന്‍ എന്ന മകന്റെ ഭവ്യത ആണെന്ന് പറഞ്ഞാല്‍ അത് അധികമാകില്ല. ഉദയനാണു താരം ജഗതിയില്ലാതെ സങ്കല്പ്പിക്കാനകില്ല എന്ന് പദ്മശ്രീ സരോജ്കുമാര്‍ തെളിയിച്ചതാണല്ലോ.



അപ്പോള്‍ ഇനി ആയിരിക്കും ശരിക്കും മലയാള സിനിമയുടെ പ്രതിസന്ധി ആരംഭിക്കുക. തീര്‍ച്ചയായും പ്രതീക്ഷകള്‍ തീരേ ഇല്ല എന്നല്ല. ട്രാഫിക്കും, കോക്ക്ടെയിലും തുടങ്ങി വെച്ച നല്ല സിനിമയുടെ ആരംഭം, ഇന്ന് ഉസ്താദ്‌ ഹോട്ടലില്‍ എത്തി നില്‍ക്കുമ്പോള്‍, ഭാവി ശോഭനമാകാനെ സാധ്യത ഉള്ളു. എന്നാല്‍, ഇനിയങ്ങോട്ട് വരാന്‍ പോകുന്ന സിനിമകള്‍ക്ക്‌ മാറി ചിന്തിക്കല്‍ അനിവാര്യമാക്കുന്ന ഈ സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോള്‍,
 സേഫ് ബെറ്റിന്   പുറകെ പോകാന്‍ നിര്‍മാതാക്കള്‍ ചിന്തിച്ചേക്കും. അപ്പോള്‍ നമ്മള്‍ വീണ്ടും കാണുക; അച്ഛനെ കൊന്നു നാട് വിട്ട മകന്റെ മടങ്ങിവരവും; 
സ്വബോധമില്ലാത്ത, എല്ലാം നഷ്ടപ്പെട്ട ജീനിയസ്സിന്റെ "വേറിട്ട" കഥയും ആയിരിക്കും.

പ്രത്യേകിച്ചും ചാനലുകള്‍ നല്‍കുന്ന റേറ്റുകല്‍ ഒരു സിനിമയുടെ ബജറ്റിനെ സ്വാധീനിക്കുന്ന ഒരു സ്ഥിതിസ്വിശേഷം ഇന്നുണ്ട്. അവര്‍ അപ്പോള്‍ സ്പയ്നിലും ദുബായിലും പോയ്‌ ഷൂട്ട്‌ ചെയ്യണം എന്നൊക്കെ പറഞ്ഞാല്‍; കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നടന്മാരുമില്ലെങ്കില്‍; 
പിന്നെ കച്ചവടസിനിമ എന്ത് ചെയ്യും?


പ്രതീക്ഷകള്‍ ഒരിക്കലും അസ്തമിക്കില്ല. കഴിവുള്ള ഒരു നീണ്ട നിര നമുക്കുണ്ട്; പക്ഷെ അവരെ മോള്‍ഡ് ചെയ്തെടുക്കാന്‍ അല്പം പ്രയാസപെടേണ്ടി വരും. ഒരു പാട് കാലത്തെ സമര്‍പ്പണമാണ് ഈ നടന്‍മാരെ ഇത്ര വലിയ മഹാന്മാരാക്കിയത്.

അതിനൊരു മാര്‍ഗ്ഗമുണ്ട്.


സിനിമ മറന്നു പോയ ഒരു ശീലമുണ്ട്. നല്ല നല്ല പുസ്തകങ്ങളെ സിനിമയാക്കുന്ന ഒന്ന്. കൂടുതല്‍ എച്ചുകെട്ടലുകളോ രൂപാന്തരങ്ങളോ  ഇല്ലാതെ ഈ പുസ്തകങ്ങളെ ആസ്പദമാക്കി സിനിമകള്‍ എടുക്കുക.


അപ്പോള്‍ കഥാപാത്രങ്ങളെ പരമാവധി ഉള്‍കൊള്ളാന്‍ നടന്മാര്‍ക്കാവും. അതില്‍ നിന്നും നമുക്ക് നമ്മുടെ അടുത്ത സഹാനടന്മാരുടെ നിര കണ്ടെത്താനാകും എന്ന് പ്രതീക്ഷിക്കാം.                 

2 comments:

  1. തിലകനൊഴിച്ചിട്ട കസേരയിലേക്ക് പ്രാപ്തിയൂള്ള ഒരു നടനുമില്ല. സായ് കുമാറും മറ്റും അത്യാവശ്യം അഭിനകലയൊക്കെ ഉള്ളയാളുകളാണെങ്കിലും തിലകനോളം വരില്ല

    ReplyDelete
    Replies
    1. Thats why I say, they have to be groomed. Groomed with characters of substance. Sidheek, Lal, Indrajith, Saikumar all are such talented persons

      Delete