Wednesday, December 11, 2013

AAP: A continuation or the beginning?

http://timesofmalabar.blogspot.ae/2011_05_01_archive.html

ആദ്യം തന്നെ ഒരു ലിങ്ക് വെച്ചത് ഞാൻ പറയാൻ പോകുന്ന കാര്യങ്ങളിലേക്ക് ഒരു നല്ല ആമുഖം ആയതു കൊണ്ടാണ്. അന്നും കുറെ കമന്റുകൾ അവ  ശരി വെച്ചും എതിർത്തും  എനിക്ക് കിട്ടിയിരുന്നു.

ഇത് തന്നെ ആണ് ഈ ഇലക്ഷനിൽ ഡൽഹിയിൽ കണ്ടതും. അഭ്യസ്തവിദ്യർ കൂടുതൽ ഉണ്ടാകുമ്പോൾ; അപ്പോഴുള്ള വ്യവസ്ഥിതിക്ക് ഒരു എതിരഭിപ്രായം എല്ലാ കാലത്തും എല്ലാ സമൂഹത്തിലും ഉണ്ടാകാറുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യം ആണെങ്കിലും; കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ്; വിമോചനസമരം; നക്സൽ കാലഘട്ടം ഒക്കെ അതിനു ദൃഷ്ടാന്തരങ്ങൾ തന്നെ. അത് തന്നെ ആണ് ആം ആദ്മി പാർട്ടിയും അതിന്റെ പ്രകടനവും മുന്നോട്ട് വെക്കുന്നതും


ഈ റിസൾട്ട്‌ ഉണ്ടാക്കുന്ന ഉടൻ പ്രതിഫലനം ഒരു പാട് യുവാക്കൾ; സ്ഥിരം വരുമാനക്കാർ; ഫേയ്സ് ബുക്ക് / ബ്ലോഗ്‌ ലോകത്തിനും പുറത്ത് രാഷ്ട്രീയ പ്രവർത്തനം  ആരംഭിക്കും. ഈജിപ്തിലെ ജാസ്മിൻ വിപ്ലവം പോലെ ശക്തി പ്രാപിച്ചെന്നും വരും. "ഡിസംബറിന്റെ പെണ്‍കുട്ടി"ക്ക് ഒരു വയസ്സ് തികയും  മുന്നേ ഇന്ന് ഡൽഹിയിൽ ഉണ്ടായ ഇലക്ഷൻ ഫലം അത് തന്നെ ആണ് സൂചിപ്പിക്കുന്നത്. പക്ഷെ എന്ത് ആണ് ഇത് വരുത്താൻ പോകുന്ന കാതലായ വ്യത്യാസം?


ആം ആദ്മി പാർട്ടി ആകെ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം സുതാര്യത മാത്രമാണ്. പിന്നെ ഇലക്ഷൻ രണ്ടരവർഷം കൂടുമ്പോൾ നടത്തേണ്ട ഒന്ന് ആക്കി മാറ്റും എന്നും. ജന്പാൽ ബിൽ തത്വത്തിൽ പുതുത് ആണെങ്കിലും വിജിലൻസ് വകുപ്പ് ഇന്ന് എന്ത് കൊണ്ട് പരാജയം അഥവാ അപര്യാപ്തം എന്ന് തോന്നുന്നോ; ആ കാരണം നാളെ ലോക്പാൽ ഓംമ്പുട്സ്മാനും സംഭവിക്കാം. കാലതാമസം കാരണം ഒരു പ്രതിയെ കുറിച്ച് അന്വേഷിക്കണ്ട എന്ന തീരുമാനം എടുത്ത നാട് ആണ് നമ്മുടെ അഭ്യസ്തവിദ്യരുടെ സ്വന്തം കേരളം. ഈ സാഹചര്യത്തിൽ ആം ആദ്മി പാർട്ടിയുടെ നയങ്ങൾക്ക് ആഴമുണ്ട് എന്ന് നിരീക്ഷിക്കാൻ ആകില്ല.

അഴിമതിയെ അംഗീകരിക്കുക അല്ല; പക്ഷെ അതില്ലാതെ ആക്കുക അസംഭവ്യം ആണ്. ഈസ്റ്റ്‌ ഇന്ത്യ കമ്പനിയിൽ വളരുന്ന അഴിമതിയെ ബ്രിട്ടീഷ്‌ പാർലമെന്റ് പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ ചർച്ച ചെയ്തതാണ്. കുടുംബതാല്പര്യത്തിനു മുകളില രാജ്യതാല്പര്യം ഉണ്ടാകുന്ന നാൾ വരെ അഴിമതി ഇല്ലായ്മ ചെയ്യുക ഒരു മോഹന സുന്ദര സ്വപ്നം മാത്രം ആയിരിക്കും. ഇന്ത്യയുടെ ചില പ്രത്യേകസാഹചര്യങ്ങളെ ചൂണ്ടികാണിച്ചു നാരായണമൂർത്തി എഴുതിയ പുസ്തകത്തിൽ ഈ വിഷയത്തെ കുറിച്ച് ആഴത്തിൽ വിവരിച്ചിട്ടുണ്ട്.

ഇന്നുള്ള പാർട്ടികളുടെ രീതിയിൽ ജനങ്ങൾക്ക്‌ താല്പര്യമില്ല എന്ന് എന്റെ നിരീക്ഷണം ഇന്ന് ഡൽഹിയിലെ ആപ് അടിവരയിട്ടു ഉറപ്പിച്ചു. പക്ഷെ ഒരു ബദൽ ഉണ്ടാക്കി എടുക്കാൻ ഇനിയും ഏറെ ദൂരമുണ്ട്.

ഇനി ഉണ്ടാകാൻ പോകുന്ന കാര്യം; ഒരു പുതിയ വോട്ട് ബാങ്ക് നിർവച്ചിക്കപ്പെട്ടു എന്ന് സത്യമാണ്. നികുതിദായകന്റെ ഒരു വോട്ട് ബാങ്ക്. ഇതിനു മതത്തിന്റെയോ; ജാതിയുടേയോ മുഴകൾ ഇല്ല എന്നുള്ളത് ഒഴിച്ചാൽ ഇതും അവസാനം ഒരു പുതിയ സമ്മർദ്ദശക്തിയായി തീരുമെന്ന്  മാത്രമായിരിക്കും.

അവരുടെ ഉദ്ദേശശുദ്ധിയിൽ എനിക്ക് സംശയമേതുമില്ല. പക്ഷെ സമൂഹത്തിൽ തന്നെക്കാൾ താഴെ ഉള്ളവരുടെ ഉന്നമനത്തിനു വേണ്ടി ചിന്തിക്കുമ്പോൾ; അടിസ്ഥാനസൗകര്യങ്ങൾക്ക് പണം നീക്കിവെക്കുമ്പോൾ; അർപ്പിതമായ ഉത്തരവാദിത്തത്തിന്റെ ആഴം നേരിട്ട് അറിയുമ്പോൾ; പല നിയത്രണങ്ങളും കൊണ്ട് വരേണ്ടി വരും. അതാകും അഴിമതിക്കാരന്റെ അടുത്ത  അവസരം.

ഡൽഹിയിലെ ആപും മാവോയിസ്റ്റുകളും ചൂണ്ടികാണിക്കുന്നത് ഒരേ രാഷ്ട്രീയമാണ്. ഒന്ന് പല തവണ ശ്രമിച്ചു ലോകത്ത് പരാജയപെട്ട വിപ്ലവം. ഇന്ന് ചൈന പോലും അഴിമതിയുടെ ഭാരം പേറുന്ന ഒരു രാജ്യമാണ്. ഇന്ന് ഒരു പാട് സ്വകാര്യവൽകരണം അവർ ചെയ്തു കഴിഞ്ഞു.അപ്പോൾ ആ മാവോയുടെ ആശയങ്ങൾക്ക് എത്ര കാലത്തെ ആയൂസ് മാത്രമേ ഉണ്ടാകൂ എന്ന് ഊഹിക്കാമല്ലോ.


മറ്റെതാകട്ടെ; എന്ത് ചെയ്യണം എന്ന് വ്യക്തമായി ധാരണ ഇല്ലാത്ത ഒരു "ഉത്സാഹകമ്മിറ്റിയും". ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം നിലനിർത്തി  ഒരു നൂതന സാമ്പത്തിക നയം വാർത്തെടുക്കാൻ  അവര്ക്കാകുമോ? കണ്ടറിയാം. ഒന്നുകിൽ നെഹ്രുവിന്റെ ലൈസൻസ് രാജിലേക്ക് ഒരു തിരിച്ചുപോക്ക്. അല്ലെങ്കിൽ തികഞ്ഞ സുതാര്യത അനിവാര്യമാക്കിയേക്കാവുന്ന  തികഞ്ഞ സ്വകാര്യവല്കരണവും. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ബുദ്ധിമുട്ടുകൾ നേരിട്ടനുഭവിക്കുന്നവർ ആണ് നമ്മൾ മലയാളികൾ. സംസ്ഥാനത്തിന്റെ 40% ഫണ്ടും ഇന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നടത്തുന്നു. അത്തരം രണ്ടു സ്ഥാപനങ്ങളുടെ വ്യത്യസ്തനിലപാടുകൾ കാരണം സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ പലതും ഇത് കാരണം നമുക്ക് മാറ്റി വെക്കേണ്ടി വന്നിട്ടുണ്ട്. ഇത് തന്നെ ആയിരിക്കും ആപ് മുന്നോട്ട് വെക്കുന്ന സുതാര്യത വരുത്തുക.


ഞാൻ ഭയക്കുന്നത്; ഈ പ്രധാന പാര്ട്ടികളുടെ സ്വാധീനം കുറഞ്ഞാൽ പ്രാദേശികതാല്പര്യങ്ങൾക്ക് ഊന്നൽ  നല്കുന്ന സർക്കാറുകളുടെ ഒരു വേലിയേറ്റം ആയിരിക്കും. UP തളര്ന്നു നില്കുന്ന പോലെ ഇന്ത്യ മൊത്തം തളർന്നു  നിന്ന് പോകാൻ ഇത് ഇടയായേക്കാം. മൻമോഹൻസിംഗിന്റെ സാമ്പത്തികശാസ്ത്രമാണ് ഇന്ത്യയെ കുതിക്കുന്ന രീതിയിലേക്ക് മാറ്റിയത്. മാറി മാറി വന്ന സർക്കാറുകൾ ഇതിൽ നിന്നും വ്യതിചലിച്ചില്ല. അവസരവാദികൾ അത് ഉപയോഗിച്ച് എന്നത് നേര്. കൊഞ്ചിന് കിലോ 600 കടക്കുമ്പോൾ; ഉച്ചയാകും മുന്നേ കച്ചവടം മുഴുവൻ അവസാനിപ്പിക്കുന്ന വ്യപാരിക്കറിയാം ഇന്ന് ഇത് വാങ്ങാൻ ആളുണ്ട്. സാമ്പത്തികവളർച്ചയുടെ കൂടെ പിറപ്പ്‌ ആണ് വിലക്കയറ്റം

എന്നാൽ നമ്മൾ എല്ലാത്തിനും സംശയം വെച്ച് നീങ്ങിയാൽ; ഉണ്ടാവുക; ഇന്ന് ഈ ആപിനു ജയ് വിളിക്കുന്ന പ്രബുദ്ധരായ മദ്ധ്യവർഗം ഇന്ത്യ വിടാൻ കൂടുതൽ തയ്യാറാകും എന്നാണു. പ്രവാസിയാണ് ഞാനും. ഞാൻ ഉദ്ദേശിച്ചത് മറ്റു രാജ്യങ്ങളുടെ സിറ്റിസൻ ആയി അവർ മാറിയേക്കും.


ഇന്ത്യ എന്റെ രാജ്യമാണ്. ആഗ്രഹം അത് ലോകത്തിലെ ഒന്നാം നമ്പർ ആകണം എന്നും മാത്രം.  


  





 

No comments:

Post a Comment