Friday, January 18, 2013

oppa gangnam style

ഒരു രസത്തിനു കണ്ടു തുടങ്ങിയതാണ്  സൈയുടെ ആ പാട്ട്. ചൈനയില്‍ നിരോധിക്കപെട്ടു എന്ന് കേട്ട അന്ന്. കൊറിയന്‍ പാട്ടിനു അവിടെ എന്തിനു നിരോധനം എന്നാ സംശയവും ഇല്ലാതിരുന്നില്ല. പിന്നീട് ഗൂഗിള്‍ തെരച്ചിലുകള്‍ എനിക്ക് തന്ന ചിത്രം പക്ഷെ എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ഒരു ആക്ഷേപഗാനത്തിനു ലോകം നല്‍കിയ സ്വീകരണം; അതിനു അയാള്‍ സ്വപ്നേപി നിരീക്കാത്ത അര്‍ത്ഥ തലങ്ങള്‍ നല്‍കുമ്പോള്‍; ആ അര്‍ത്ഥതലങ്ങള്‍; അവയാണ് എന്നെ ഇന്ന് എഴുതാന്‍ പ്രേരിപ്പിച്ചത്.

രണ്ടു രീതിയില്‍ ആണ് ആ പാട്ട് പരിഗണിക്കേണ്ടത്. ആദ്യത്തേതു ആവിഷ്കാരസ്വതന്ത്ര്യതിന്റെത്. രണ്ടാമത്തതോ ഉപഭോഗസംസ്കാരത്തിന്റെതും.

നാദിര്‍ഷായുടെ ഗാനങ്ങളിലൂടെ ആക്ഷേപഹാസ്യത്തിന്റെ ഒരു പക്വമായ രൂപം കുറെ കാലം കണ്ടിട്ടുള്ള നമുക്ക് സൈയുടെ ഈ പാട്ടിലുള്ള;  അവിടത്തെ ജനങ്ങളുടെ ഉപഭോഗസംസ്കാരത്തെ കുറിച്ചുള്ള  ആക്ഷേപഹാസ്യത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ അത് ഒട്ടും തന്നെ ആവിഷ്കാരസ്വാതന്ത്ര്യം നല്‍കാത്ത പല രാജ്യങ്ങളുടെയും ഉറക്കം കേടുത്താതിരിക്കില്ല. ലോകം രണ്ടോ മൂന്നോ വെബ്സൈറ്റുകളിലേക്ക് ചെറുതാകുമ്പോള്‍; ഇനി മുതല്‍ ലോകരാഷ്ട്രങ്ങളുടെ ചാരസംഘങ്ങള്‍ ഇറാന്‍ ആണവപദ്ധതിയെക്കാളും അല്‍ഖയിദയെക്കാളും പേടിക്കുക അസ്സാഞ്ചിനെയും സക്കര്‍ബര്‍ഗിനെയും പോലെ ഉള്ള തലകള്‍ ഉണ്ടാക്കുന്ന വിവരസാങ്കേതികതയുടെ സാധ്യതകളില്‍ വന്നേക്കാവുന്ന ഇത്തരം ആവിഷ്കാരങ്ങള്‍ ആയിരിക്കും. റഷ്യയിലും ചൈനയിലും മാത്രമല്ല വിപ്ലവം നടക്കുക എന്നത് ടുനിഷ്യയും , ഈജിപ്തും ലിബിയയും തെളിയിച്ചതുമാണല്ലോ

മലയാളത്തില്‍ ഡയമണ്ട് നെക്ലസ് ചൂണ്ടി കാണിച്ച അമിത ഉപഭോഗസംസ്കാരം, മലയാളിക്ക് മാത്രമല്ല മറ്റുള്ളവരിലും ആശങ്ക ഉണ്ടാക്കുന്നു എന്നത്, വരാന്‍ പോകുന്ന ഒരു ചിന്തകളുടെ ഉയിര്ത്തെഴുനെല്പ്പിന്റെ ഒരു ചൂണ്ടുപലകയായിട്ടാണ് എനിക്ക് തോന്നുന്നത്.  സാമ്പത്തികമേഘല അതിവേഗം മാറുകയും വളരുകയും ചെയ്യുമ്പോള്‍; തളരുന്ന ഒരു ജനവിഭാഗമുണ്ട്. യാഥാസ്ഥിതികര്‍ എന്ന് പുതുതലമുറ ഇകഴ്ത്തികാണുന്ന; പരമ്പരാഗതതൊഴില്‍ മേഘലകളില്‍ തളച്ചിട്ടപെട്ട; അങ്ങനെ ചെയ്യേണ്ടി വരുന്ന ഒരു വലിയ ജനവിഭാഗം.  ഉപഭോഗസംസ്കാരാത്തിന്റെ യുക്തിയെ കുറിച്ചും ഉപയോഗത്തെ കുറിച്ചും ചിന്തിച്ചു തുടങ്ങുമ്പോള്‍ ആത്മീയമായി മുന്നോട്ട് ചിന്തിക്കാന്‍ ആ ജനവിഭാഗം തയ്യാറായാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.
  

Monday, December 31, 2012

ഡിസംബറിന്റെ പെണ്‍കുട്ടി

ഡിസംബറിന്റെ പെണ്‍കുട്ടി

കൂടുതലൊന്നും പറയാതെ തന്നെ ഒരു 6 മാസത്തേക്ക് ഇനി ഈ വാക്ക്, ദില്ലിയിലുണ്ടായ ആ പ്രതീകം ആണ് എന്ന് മനസ്സിലാകാത്തവര്‍ ഉണ്ടാവില്ല. ഒരു പാട് ചിന്തകള്‍ക്ക് തുടക്കമിടാന്‍, സോഷ്യല്‍ വെബ് സൈറ്റുകള്‍ ഇന്ന് വേദിയാകുന്നു. എന്നാല്‍ അതിലും വേഗതയിലാണ് ഈ പെണ്‍കുട്ടിയുടെ അനുഭവം ചിന്തകള്‍ക്ക് തിരി കൊളുത്തിയത്.



കിരാതനിയമങ്ങള്‍ എന്ന് എല്ലാവരും ഉറക്കെ പറഞ്ഞിരുന്ന സൗദി നിയമങ്ങള്‍; അഥവാ ശരിയത്ത് നിയമങ്ങള്‍ ആണ് ശരി എന്ന് പറയാന്‍ ആളുകളുണ്ടായി. ബലാല്‍സംഗത്തിന് മരണശിക്ഷ; അഥവാ ലിംഗം മുറിച്ചു കളയല്‍ എന്നുള്ള ആവശ്യങ്ങള്‍ ജനം പറഞ്ഞു തുടങ്ങി.പരസ്യശിക്ഷ ആണ് കുറ്റങ്ങള്‍ കുറക്കാനുള്ള മാര്‍ഗ്ഗം; അങ്ങനെ ഒരുപാട് നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ നിന്നും ഉണ്ടായി തുടങ്ങി. മനുഷ്യാവകാശ സംഘടനകള്‍; അവരുടെ സകലഫയലും ജനരോഷത്തെ ഭയന്നു ഉള്ളില്‍ എടുത്തു വെച്ച് കളഞ്ഞു.



നിയമവ്യവസ്ഥയുടെ കാര്യശേഷി ചോദ്യം ചെയ്യപെടുന്നു. സ്വയം വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണം എന്നും അസമയത്ത് ഒറ്റക്ക്  യാത്ര ചെയ്യരുത് എന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ പെട്ട സ്ത്രീകള്‍ തന്നെ പറയുന്നു. അറബ് രാജ്യങ്ങളില്‍ രാത്രി ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകളുടെ എണ്ണം ചൂണ്ടി കാണിച്ചാണ് ഈ അല്‍പവസ്ത്രധാരണരീതിയെ,  പലരും വിമര്‍ശിക്കുന്നത്.

മുന്‍വിധികളുടെ അടിസ്ഥാനത്തില്‍  ആയിരുന്നു പലപ്പോഴും ഇസ്ലാമിക ജീവിതരീതിയെ പലരും കണ്ടിരുന്നതും വിമര്‍ശിച്ചിരുന്നതും. ഇന്നീ ആവേശത്തില്‍ ചില  നിയമങ്ങളെ ശ്ലാഘിക്കുന്നവര്‍ നാളെ അവയെ തള്ളി പറയാതിരിക്കില്ല.

ഓരോ സമൂഹവും പിന്‍പറ്റുന്ന ജീവിതരീതി  ആവശ്യപെടുന്ന ചില നീതികളുണ്ട്; അവ  നിയന്ത്രിക്കേണ്ട ചില നിയമങ്ങളുടെ അനിവാര്യതയുമുണ്ട് എന്ന് വിശ്വസിക്കുന്നവന്‍ ആണ് ഞാന്‍.






7 ആണുങ്ങളും 7 പെണ്ണുങ്ങളും ഒപ്പം താമസിക്കും; അവര്‍ എല്ലാവരും പരസ്പരം ബന്ധപെടും എന്ന ചില ആശയങ്ങള്‍ വരെ ഉണ്ടായിരുന്ന സമൂഹത്തില്‍ ആണ്, ഒരാണിന്  ഉപാധികളോടെ 4 പെണ്‍. അത് തന്നെ, പെണ്ണുങ്ങള്‍ നിശ്ചയിക്കുന്ന മൂല്യം അവര്‍ക്ക് നല്‍കി; എന്നുള്ള നിയമം ശരിയത്ത് ആയി മാറിയത്.

ഇന്നത്തെ ജീവിതരീതി കഴിഞ്ഞ നൂറ്റാണ്ട് പോലെ അല്ല. ലൈംഗികഅരാജകത്വവും, വ്യക്തികേന്ദ്രീകൃതവും ആണ് ഇന്നത്തെ സമൂഹം. മുന്പ് പ്രായത്തെ കുറിച്ച് ഒരു ലേഖനം ഞാന്‍ എഴുതിയപ്പോള്‍, ഇതേ പറ്റി  സൂചിപ്പിച്ചിരുന്നു. ഇന്ന്  ഇന്ന് ഒരുപാട് സിവില്‍ കേസുകള്‍ സ്വത്ത്‌ തര്‍ക്കത്തിന്റെതാന്‍. ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന കുറ്റകൃത്യം സ്ത്രീകളോടുള്ള പീഡനങ്ങളും. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ, വിവാഹനിയമം ഏക സിവില്‍ കോഡ് ആക്കി, ശരിയത്ത് നിയമം നടപ്പിലാക്കണം എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ജീവിത രീതിക്ക് മാറ്റം വരുമ്പോള്‍; അവ പരിഷ്കരിക്കാം എന്നും.


എപ്പോഴും ഈ നിയമത്തെ എതിര്‍ക്കുന്ന ഫെമിനിസ്റ്റ് ചിന്താഗതിക്കാര്‍ പറയുന്ന ഒന്നാണ് ആണുങ്ങളുടെ സെക്സ് സ്വാതന്ത്ര്യം. ഒരു പുരുഷന് ഒന്നില്‍ കൂടുതല്‍ സ്ത്രീകളുമായി ബന്ധമുണ്ടായാല്‍; അവരില്‍ എല്ലാവരില്‍ ജനിക്കുന്നവരും ആരുടെ മക്കള്‍ ആണ് എന്ന് ഉറപ്പിച്ചു പറയാം. രക്ഷിതാവ്  എന്ന ഉത്തരവാദിത്തത്തില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞു മാറാന്‍ ആകില്ല. പക്ഷെ ഒരു സ്ത്രീ തിരിച്ചു പല ആണുങ്ങളുമായി ബന്ധമുണ്ടായാല്‍ അതിന് ഒരു രക്ഷിതാവിനെ കണ്ടെത്തുക അത്ര എളുപ്പമല്ല.മാത്രമല്ല; അങ്ങനെ സ്ത്രീകള്‍ക്കും ആകാം എന്നായിരുന്നു എങ്കില്‍; സ്വത്ത്‌ തര്‍ക്കത്തിന്റെ മാനം എവിടെ ചെന്ന് എത്തിയേനെ?   

ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകുമ്പോള്‍, അതും സ്ത്രീകള്‍ തീരുമാനം എടുത്തു നടക്കുന്ന വിവാഹങ്ങള്‍ ആകുമ്പോള്‍, ജനങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നത് കൂടും. സ്ത്രീകളോടുള്ള ആക്രമണം കുറയും.  
മഹര്‍ ആയി എന്തും ആവശ്യപെടാം എന്നാണ്. ഒരു സ്ഥിരവരുമാനം നല്‍കുന്ന സാധനം സ്ത്രീകള്‍ ഇവിടെ ആവശ്യപെട്ടുതുടങ്ങിയാല്‍; അങ്ങനെ സ്ത്രീകള്‍ വിവാഹത്തോടെ സംരംഭകരുമായാല്‍; സ്ത്രീ സ്വാതന്ത്ര്യവും ശാക്തീകരണവും സ്വാഭാവികമായും വളരും.ഒന്നില്‍ കൂടുതല്‍ ഭാര്യയുണ്ടായാല്‍; പുരുഷന് ലൈംഗികആക്രമണങ്ങള്‍ നടത്തേണ്ട മാനസിക കാരണങ്ങള്‍ കുറയുക തന്നെ ചെയ്യും.


ഇന്നത്തെ സാമൂഹികസ്ഥിതി വെച്ച് ഒന്ന് ചിന്തിക്കുക. ആവേശങ്ങള്‍ക്കപ്പുറത്തു അനിവാര്യമാക്കുന്ന ചില യാതാര്‍ത്ഥ്യങ്ങള്‍ അവ വിളിച്ചുപറയുന്നില്ലേ?       

Wednesday, November 7, 2012

ഒബാമയുടെ വിജയം ഉയര്‍ത്തുന്ന ചിന്തകള്‍


ഒബാമയുടെ വിജയം അല്ല; അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് ഇത്ര വലിയ വിഷയമായി മലയാളികള്‍ ചര്‍ച്ച ചെയ്യുന്നത് ആണ് എന്റെ ചിന്തകള്‍ക്ക് ഇന്ന് പ്രേരണയായത്. ഞാന്‍ പങ്കാളിയായ ഒട്ടു മിക്ക fbഗ്രൂപ്പുകളിലും ഒബാമയുടെ വിജയത്തിന്റെ പോസ്റ്റര്‍ അച്ചടിച്ചിട്ടുണ്ട്. എന്റെ പല സുഹുര്ത്തുക്കളും ഒബാമ അഥവാ അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ അവരുടേതായ വിശകലനങ്ങളും, അതോടൊപ്പം നമ്മുടെ രാഷ്ട്രത്തെ ഇകഴ്ത്തി എഴുതുകയും ചെയ്തു. പണ്ട് മുതലേ മലയാളിയുടെ ശീലമാണ്; അന്യ നാടുകളില്‍ നടക്കുന്ന വിഷയങ്ങളെ കുറിച്ച് ആകുലനാകുന്നത്. അതോടൊപ്പം തന്നെ വിദേശത്തെ ഒരു പാട് ഉയരത്തില്‍ വെക്കുന്നതും. എന്നാല്‍; കാലമിത്രയായിട്ടും ആ ഇകഴ്ത്തലിന്റെ അളവില്‍ കുറവ് കാണാത്തത്തിന്റെ മാത്രം  യുക്തി എനിക്ക് മനസ്സിലാകുന്നില്ല.  

ഭാഗ്യവശാല്‍, ഒരു പാട് രാജ്യങ്ങള്‍ എനിക്ക് യാത്ര ചെയ്യാനും താമസിച്ചു കാര്യങ്ങള്‍ മനസ്സിലാക്കാനും സമയം കിട്ടിയിട്ടുണ്ട്.അംബേദ്‌കറിന്റെ മഹാത്മ്യം എനിക്ക് ബോധ്യമായത് ഈ പ്രവാസജീവിതത്തിനിടയ്ക്കാണ്.  അവിടെയൊക്കെ ഉള്ളതിനേക്കാള്‍ ഒരു പാട് മഹാത്മ്യം നമ്മുടെ നാടിന്റെ ഭരണഘടന നമുക്ക്  തരുന്നുണ്ട്. എന്നിട്ടും; എന്തേ ഈ ഇകഴ്ത്തിചിന്തിക്കുന്ന സ്വഭാവം മാറാത്തത്?

വ്യക്തിസ്വാതന്ത്ര്യത്തിനും സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന സംരക്ഷണത്തിനും യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍, എന്ത് കൊണ്ടോ, വേണ്ടത്ര ജനാധിപത്യം ഇന്നും ആയിട്ടില്ല. ബ്രിട്ടനിലും മറ്റും ഇന്നും രാജാവ്‌ തന്നെ ആണ് രാഷ്ട്രത്തലവന്‍. നമ്മുടെ നാട് പോലെ ജനാധിപത്യം അങ്ങനെ 5 നേരിട്ടുള്ള തെരഞ്ഞെടുപ്പും; രണ്ട് പ്രതിനിധി തല തെരഞ്ഞെടുപ്പും ഇല്ല അവിടങ്ങളില്‍.

ഇനി വാഴ്ത്തപ്പെട്ട അമേരിക്കന്‍ രാഷ്ട്രീയരംഗം ഒന്ന് പരിശോധിക്കാം. അതിനു മുന്നേ ഒന്ന് കൂടി സൂചിപ്പിക്കാനുണ്ട്.ലോകത്തിന്റെ സാമ്പത്തികശാസ്ത്രം കൈയാളുന്ന ആ രാജ്യത്തു പൊതുവിദ്യാഭ്യാസമോ  സര്‍ക്കാര്‍ ആശുപത്രികളോ ഇല്ല എന്ന വസ്തുത മനസ്സില്‍ വെച്ച് വേണം അവരുടെ ജനാധിപത്യം അവലോകനം ചെയ്യാന്‍.

പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ കോടികള്‍ ചെലവാക്കി കണ്‍സള്‍ട്ടന്‍റുമാരെ വെച്ച്; എടുക്കുന്ന  വസ്ത്രം മുതല്‍, നടക്കുന്ന രീതി; സംസാരിക്കുന്ന വാക്കുകള്‍ ഒക്കെ രേഖപെടുത്തി അഭിനയിക്കാന്‍ കഴിവുന്ടെന്കിലെ ഒരു നേതാവാകാന്‍ അമേരിക്കയില്‍ സാധിക്കൂ. അത് തന്നെ, പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് നേരിട്ട് ആണ് എന്നാണ് വെപ്പ്. എന്നാലും ചിലപ്പോള്‍ കൂടുതല്‍ വോട്ട് കിട്ടിയ ആള്‍ തോല്‍ക്കും. മകന്‍ ബുഷ് അങ്ങനെ ജയിച്ച ഒരാളാണ്. ഇന്ന് ഒബാമയും. അതോ ജനാധിപത്യം?
മാത്രമല്ല; 2 പാര്‍ട്ടികള്‍ക്കപ്പുറം മൂന്നാമതൊരു പാര്‍ട്ടി ഉയര്‍ന്നു വരാനുള്ള സാധ്യത പോലും അവരുടെ ഭരണഘടനയില്‍ ഇല്ല. അതോ ജനാധിപത്യം?

ഇന്ത്യയില്‍ ആര്‍ക്കു വേണമെങ്കിലും മത്സരിക്കാം. ഒരു ഷോള്‍ മാത്രം ധരിച്ചു ഒരു നാടിനു സ്വാതന്ത്ര്യം വാങ്ങി തന്ന ആളുടെ രാജ്യമല്ലേ? എന്തും അറിയാനുള്ള അവകാശം ഇന്ന് ഗവണ്മെന്റ് നമുക്ക് നല്‍കുന്നുമുണ്ട്. പല പഞ്ചായത്തുകളും നമ്മുടെ നാട്ടില്‍ പൌരമുന്നണി ഭരിക്കുനുണ്ട്. ഒരു നേതാവാകാന്‍ മാധ്യമങ്ങളുടെ മുന്നില്‍ അഭിനയിക്കാന്‍ അല്ല, ജനകീയന്‍ ആകാന്‍  മാത്രം ആണ്  ഒരാള്‍ ചെയ്യേണ്ടത്. അതല്ലേ ജനാധിപത്യം?

ശരിയാണ്, നമ്മുടെ റോഡുകള്‍ പണ്ട് മോശമായിരുന്നു, അന്ന് നമ്മുടെ സമ്പത്ത് അനുവദിച്ചിരുന്ന നിലക്കുള്ള പരമാവധി അതായിരുന്നു. ഇന്ന് വീതി ഇല്ല എന്നല്ലേ പറയാനൊക്കു? അതിനു കാരണം നമ്മളല്ലേ? സ്ഥലം ജനങ്ങള്‍ക്ക് വിട്ടു കൊടുത്തപ്പോള്‍ എന്ന് വേണമെങ്കിലും തിരികെ വാനഗനുള്ള ഉപാധി സര്‍ക്കാര്‍ വെച്ചില്ല. അത് കൊണ്ട്, വ്യക്തിസ്വാതന്ത്ര്യം നല്‍കുന്ന പരിധിക്കുള്ളിലല്ലേ നമ്മുടെ സര്‍ക്കാരുകള്‍ക്ക് പ്രവര്ത്തിക്കാനാകൂ?

അപ്പോള്‍ ഇനിയും നിലവാരം ഉയരണം എന്ന് നമുക്ക് തോന്നുന്നു എങ്കില്‍, നമ്മുടെ സംവിധാനത്തെ തള്ളി പറയാതെ; അതിന്റെ ഭാഗമായി കാര്യങ്ങള്‍ മാറ്റാന്‍ അല്ലെ നമ്മള്‍ ശ്രമിക്കേണ്ടത്?

ഉത്തരവാദിത്തങ്ങള്‍; അതില്‍ നിന്നും ഒളിച്ചോടാന്‍; പണ്ടേ നമ്മള്‍ മിടുക്കരാണ്. എന്നിട്ട് തിരിഞ്ഞു നിന്ന് കുറ്റം പറയാനും. ഒരു പുനര്‍വിചിന്തനം; അതായി കൂടെ?