Saturday, March 9, 2013

Dedicated to all Women







സ്ത്രീ എന്ന് പറയുമ്പോള്‍ ശാരീരികരൂപം കൊണ്ടല്ല; മറിച്ചു സ്ത്രീകള്‍ വെറും ഒരു വാരിയെല്ല് മാത്രമല്ല എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഈ ലോക വനിതാദിനത്തില്‍ സമര്‍പ്പിക്കുന്നു എന്ന് ഒന്ന് വിശദീകരിച്ചു തുടങ്ങട്ടെ.








മൂന്നു മാസം മുന്നേ ഞാന്‍ ഡിസംബറിലെ പെണ്‍കുട്ടി എന്ന ഒരു കാഴ്ചപാട് വിവരിച്ചപ്പോള്‍ ഒരു പാട് ആക്ഷേപങ്ങള്‍ കേട്ടിരുന്നു. എന്റെ ഭാര്യയുടെ ദുര്‍വിധി ഓര്‍ത്തുള്ള സഹതാപങ്ങള്‍ ഉള്‍പടെ അപ്രതീക്ഷിതമായ പല നിരൂപണങ്ങളും എനിക്ക് കേള്‍കേണ്ടി വന്നു. ഞാന്‍ ഉദ്ദേശിച്ച പോലെ എനിക്ക് വിവരിക്കാന്‍ കഴിയാതിരുന്നത് കൊണ്ടാകാം ഈ ആക്ഷേപങ്ങള്‍ എന്നെനിക്കു അന്നേ തൊന്നിയിരുന്നു. ആ തോന്നല്‍ ശരിയായിരുന്നു എന്നാണു അതിനു ശേഷം ഉണ്ടായ പല സാമൂഹികാവസ്ഥയെ കുറിച്ചുള്ള മീഡിയ ചര്‍ച്ചകള്‍ ചൂണ്ടി കാണിക്കുന്നതും.

ഡോക്ടര്‍ രജത്കുമാറിന്റെ പ്രസംഗം മുഴുവന്‍ കേട്ടിരുന്ന ഒരാള്‍ക്കും അത് അത്ര തീര്‍ത്തും സ്ത്രീവിരുദ്ധം ആണ് എന്ന് പറയാനാകില്ല. നഷ്ടപെട്ടുകൊണ്ടിരിക്കുന്ന മൂല്യബോധം കൊണ്ട് പതിയിരിക്കുന്ന അപകടങ്ങള്‍ വിവരിച്ചപ്പോള്‍ ആ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് സായാഹ്നം കൊഴുപ്പിക്കാന്‍ ഏഷ്യാനെറ്റ്‌ കാണിച്ച ഉത്സാഹം അല്പം നിരുത്തരവാദപരം ആയിപ്പോയി. എന്നാല്‍ സാമൂഹികപ്രതിബദ്ധത കാണിക്കേണ്ട രാഷ്ട്രീയക്കാര്‍ എത്രയോ തരംതാണ കമന്റുകള്‍ പാസ്സാക്കുമ്പോള്‍ നിസ്സംഗരായി നില്‍ക്കുന്ന പൊതുജനം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പഠിക്കാന്‍ കാണിച്ച ഉല്‍സാഹം ശ്ലാഘനീയം തന്നെ.

സ്ത്രീകളോടുള്ള പരാക്രമണത്തിനു യാതൊരു കുറവും വരാത്ത ഒരവസ്ഥ തുടരുമ്പോഴും സോഷ്യല്‍ മീഡിയയില്‍ പടരുന്ന നിരൂപണങ്ങളും അഭിപ്രായങ്ങളും നോക്കി കാണുമ്പോള്‍ ഞാന്‍ മുന്നേ എഴുതിയ കാതലായ വിഷയം പ്രസക്തമാണെന്നു പറയാതെ വയ്യ.

മിക്ക അഭിപ്രായങ്ങളും പറയുന്നത് സ്ത്രീകള്‍ അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന് തന്നെ ആണ്. ഒരു പാവം മൂന്നു വയസ്സുകാരിയെ പോലും വെറുതേ വിടാതെ ചിലര്‍ നടക്കുമ്പോള്‍; ഈ പ്രശ്നങ്ങളുടെ ഒക്കെ കാരണം  സ്ത്രീകളുടെ കൈയ്യിലിരുപ്പ്‌ കൊണ്ടാണ് എന്ന് പറയാന്‍ നാണമില്ലാത്തവര്‍ക്കും എങ്ങനെ ഈ സമൂഹത്തില്‍ തുടരാന്‍  കഴിയുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? പൊതുജനത്തിന്റെ നിസ്സംഗഭാവത്തിന്റെ കാരണം വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

അതായിരുന്നു ഞാന്‍ അന്ന് ശ്രമിച്ചത്. വിശദമാക്കാന്‍ പരാജയപ്പെട്ടതും.
എങ്കിലും ഞാന്‍ ഒന്ന് ആവര്‍ത്തിക്കട്ടെ;
 വിവാഹനിയമം ഏക സിവില്‍ കോഡ് ആക്കി, ശരിയത്ത് നിയമം നടപ്പിലാക്കണം എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ജീവിത രീതിക്ക് മാറ്റം വരുമ്പോള്‍; അവ പരിഷ്കരിക്കാം എന്നും., (കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് നോക്കുക http://www.timesofmalabar.blogspot.ae/2012_12_01_archive.html )


സ്ത്രീകളെ ഒരു രണ്ടാം തരം മനുഷ്യനായെ(ഹ്യുമന്‍ ബീയിംഗ്) അവര്‍ പോലും കാണുന്നുള്ളൂ. ആദാമിന്റെ വാരിയെല്ല്. അത്ര മാത്രം. ആണുങ്ങളുടെ കീഴെ ആണ് അവര്‍ തന്നെ സ്വയം പ്രതിഷ്ടിക്കുന്നത്. എന്ത് കൊണ്ടാണ്  ഇങ്ങനെ ഒരു സ്ഥിതിവിശേഷം? സ്ത്രീശാക്തീകരണത്തിനു അവരര്‍ഹിക്കുന്ന നയവ്യത്യാസങ്ങള്‍ നടത്താന്‍ ശ്രമിക്കുന്ന ആളുകള്‍ ഇത് കൂടി ഒന്ന് കാണണം.

ഒരു സമൂഹത്തില്‍ ആളുകള്‍ ബഹുമാനം നേടണമെങ്കില്‍ മൂന്ന് രീതിയിലെ അതിനു കഴിയൂ. വിദ്യാഭ്യാസം; അധികാരം; പിന്നെ സാമ്പത്തികവും. നിരന്തരമായ വിദ്യഭ്യാസപരിശ്രമങ്ങളിലൂടെ ഒരു പരിധി വരെ അതിനു സാധിച്ചു. അധികാരവികേന്ദ്രീകരണത്തിന്റെ കൂടെ 51% സ്ത്രീസംവരണത്തിന്റെ സഹായത്തോടെ അധികാരവും സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞു. ഇനി ഉള്ളത് സാമ്പത്തികമാണ്. പക്ഷെ ഈ ശ്രമങ്ങള്‍ ഫലവത്തായിട്ടുണ്ടോ?

വിവാഹത്തിനു വെച്ച ഏറ്റവും ചെറിയ പ്രായമാണ് യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം സ്കൂളിനപ്പുറത്തേക്ക് വളര്‍ത്തിയത് എന്നാണ് എന്റെ നിരീക്ഷണം. വിവാഹാനന്തരപഠനവും ജോലിയും ഇന്നും സ്ത്രീകള്‍ അവസാനിപ്പിക്കുന്നതിന് പക്ഷെ അവര്‍ തയ്യാറായിട്ടില്ല. ഇതിനു കാരണമായി എനിക്ക് തോന്നുന്നത് നേരത്തെ പറഞ്ഞ അപകര്‍ഷതാബോധമാകണം എന്നാണ്.

51% അധികാരങ്ങള്‍ പക്ഷെ ഫലവത്തായി വരുമോ എന്ന് കണ്ടറിയണം. അവരില്‍ ബഹുപൂരിപക്ഷവും ഭാര്യയെ വെച്ച് ഭര്‍ത്താവ്  ഭരിക്കല്‍ ആയിരിക്കും എന്ന് ഊഹിക്കാവുന്നതേ  ഉള്ളൂ . അപകര്‍ഷതാബോധം അത്ര പെട്ടെന്ന് മാറില്ലല്ലോ.

പിന്നെ ഉള്ള വഴിയാണ് സാമ്പത്തികസ്വാതന്ത്ര്യം. അതിനായിരുന്നു ഞാന്‍ ശ്രദ്ധ വെച്ചതും. എല്ലാവരും എന്നാല്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ അവഗണിച്ചതും.

സ്ത്രീകള്‍ക്കുള്ള അപകര്‍ഷതബോധത്തിന്റെ ഒരു കാരണം അഭിസാരികമാര്‍ എന്ന ഒരു തൊഴിലാളിവര്‍ഗ്ഗത്തിന് സര്‍ക്കാര്‍ സമ്മതം നല്‌കിയതാണ്. ലോകത്ത് ഏറ്റവും ഉയര്‍ന്ന ബലാല്‍സംഘം നടക്കുന്നത് ആ തൊഴില്‍ നിയമനുസൃതമാക്കിയ നാടുകളില്‍ ആണ് എന്ന് കണക്കുകള്‍  സൂചിപ്പിക്കുന്നു. കാരണം; അതോടെ സ്ത്രീകള്‍ക്ക് യാതൊരു സ്ഥാനവും ബഹുമാനവും ആ സമൂഹം നല്‌കില്ല. ഒറ്റക് നില്‍ക്കുന്ന സ്ത്രീകളെ ആ ഒരു കണ്ണിലൂടെ ആണ് സമൂഹം കാണുക എന്നത് ഇന്ത്യാവിഷന്റെ അന്വേഷണത്തില്‍ നമ്മള്‍ കണ്ടതുമാണ്. വെറുമൊരു  മംസപിണ്ടമല്ല സ്ത്രീ എന്ന് സ്ത്രീകള്‍ തന്നെ  ചിന്തിക്കണമെങ്കില്‍ ആ തൊഴില്‍ ചെയ്യുന്നവര്‍ ഇല്ലാതായെ തീരൂ.

അഭിസാരികമാരുടെ തണല്‍ തേടി പോകുന്നവരില്‍ നല്ലൊരു  പങ്ക് ഭാര്യമാരില്‍ ലൈംഗികസംതൃപ്തി നേടാത്തവരാണ്. ഇതിനാണ് ഞാന്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ എന്ന ഒരു നിര്‍ദേശം മുന്നോട്ടു വെച്ചത്. അല്ലാതെ വെറും ബലാല്‍ സംഘത്തിനുള്ള  മരുമരുന്നായല്ല.

പക്ഷെ ഈ ഒന്നിലധികം ഭാര്യമാര്‍ എന്ന ആശയത്തിനും ഒരു നിയന്ത്രണം വേണം.  അതാണ്‌ വിവാഹരജിസ്റ്ററില്‍ ചേര്‍ക്കേണ്ട നിര്‍ബന്ധിതപുരുഷധനം. ഇത് രണ്ടും വരുന്നതോടെ ഒരു പാട് സമ്പത്ത് സ്ത്രീകളിലേക്ക് കൈമാറ്റപ്പെടും. മാത്രവുമല്ല; കുറെ സ്ത്രീകള്‍ സ്വന്തം സാമ്പത്തികനിലയില്‍ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന ആളുകളുമായി വിവാഹത്തില്‍ ഏര്‍പെടാന്‍ സാധ്യതയുമുണ്ട്. വിശിഷ്യ രണ്ടാം വിവാഹങ്ങളിലൂടെ. സ്ഥിരം വരുമാനം ഉള്ള സ്വത്തുകള്‍  സ്ത്രീകള്‍ ആവശ്യപെടാന്‍ തുടങ്ങിയാല്‍; അവര്‍ക്ക് സാമ്പത്തികമായി വളരാന്‍ സാധിക്കും. അപകര്‍ഷതബോധത്തിനു ബദല്‍ ഉറച്ച ആത്മവിശ്വാസം വളര്‍ത്താന്‍ ഇത് ഏറെ സഹായകമാകും. അപ്പോഴാണ്‌; പുരുഷന്മാര്‍ സ്ത്രീകളെ മംസപിണ്ടങ്ങള്‍ മാത്രമായി കാണാതിരിക്കുക.

മാനുകളെയും മുള്ളനെയും മുയലിനെയും  വേട്ടയാടാന്‍ നായാട്ട് ഇഷ്ടമുള്ള കിരാതന്മാര്‍ക്ക് ഒരു ഹരം ആണ് . എന്നാല്‍ പുലികളേയും ആനകളേയും ആരും വെറുതേ ഒരു ഹോബി എന്ന നിലയില്‍ വേട്ടയാടാന്‍ മെനക്കെടാറില്ല. ആത്മരക്ഷാര്‍ത്ഥം മാത്രം ആയിരിക്കും; അല്ലെങ്കില്‍ മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാകും. സ്ത്രീകള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ ഇതേ പോലെ വെറും മംസപിണ്ടത്തിനപ്പുറം ഒരു സ്ഥാനം സ്ത്രീകള്‍ തന്നെ നല്കാതിരിക്കുമ്പോള്‍; ഇതേ നില തന്നെ തുടരുകയുള്ളൂ.
              

ഇന്ന് സ്ത്രീകള്‍ക്ക് സാമ്പത്തികസുരക്ഷ ലഭിക്കുന്നത് വിവാഹമോചനത്തോടെ മാത്രമേയുള്ളൂ. സ്വന്തം പിതാവിനെ പേരില്‍ നിന്നും വെട്ടിമാറ്റി പകരം എഴുതിയ ആളെ ജീവിതത്തില്‍ നിന്നും മായ്ച്ചു കളയെണ്ടുന്ന അവസ്ഥയില്‍.  ഒരല്പം പോലും ആത്മാഭിമാനമോ  മാനസികകെട്ടുറപ്പോ  ഇല്ലാത്ത ആ അവസരത്തില്‍ അല്ല ഒരു സ്ത്രീക്ക് സാമ്പത്തികസുരക്ഷ എന്ന പിച്ച നല്‍കേണ്ടത്. ഒരു പുതുജീവിതം തുടങ്ങുമ്പോഴാണ്.

അത് കൊണ്ടാണ് ഞാന്‍ ആ കാഴ്ചപാട് അന്നെഴുതിയത്. ഇന്ന് ആവര്‍ത്തിക്കുന്നത്. സ്ത്രീസംരക്ഷണത്തിന് വേണ്ടി ചിന്തിക്കുന്നവര്‍; പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടെങ്കില്‍; ഒരു ചിന്ത ഇതിനു നല്‌കുക. അല്ലെങ്കില്‍ അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഇത് ഫോര്‍വേഡ് ചെയ്യുക. ചിലപ്പോള്‍ ഇതില്‍ നിന്നും വല്ല നല്ല ആശയത്തിനും തിരി കൊളുത്താന്‍ അവര്‍ക്ക് സാധിച്ചാലൊ....   

Friday, January 18, 2013

oppa gangnam style

ഒരു രസത്തിനു കണ്ടു തുടങ്ങിയതാണ്  സൈയുടെ ആ പാട്ട്. ചൈനയില്‍ നിരോധിക്കപെട്ടു എന്ന് കേട്ട അന്ന്. കൊറിയന്‍ പാട്ടിനു അവിടെ എന്തിനു നിരോധനം എന്നാ സംശയവും ഇല്ലാതിരുന്നില്ല. പിന്നീട് ഗൂഗിള്‍ തെരച്ചിലുകള്‍ എനിക്ക് തന്ന ചിത്രം പക്ഷെ എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ഒരു ആക്ഷേപഗാനത്തിനു ലോകം നല്‍കിയ സ്വീകരണം; അതിനു അയാള്‍ സ്വപ്നേപി നിരീക്കാത്ത അര്‍ത്ഥ തലങ്ങള്‍ നല്‍കുമ്പോള്‍; ആ അര്‍ത്ഥതലങ്ങള്‍; അവയാണ് എന്നെ ഇന്ന് എഴുതാന്‍ പ്രേരിപ്പിച്ചത്.

രണ്ടു രീതിയില്‍ ആണ് ആ പാട്ട് പരിഗണിക്കേണ്ടത്. ആദ്യത്തേതു ആവിഷ്കാരസ്വതന്ത്ര്യതിന്റെത്. രണ്ടാമത്തതോ ഉപഭോഗസംസ്കാരത്തിന്റെതും.

നാദിര്‍ഷായുടെ ഗാനങ്ങളിലൂടെ ആക്ഷേപഹാസ്യത്തിന്റെ ഒരു പക്വമായ രൂപം കുറെ കാലം കണ്ടിട്ടുള്ള നമുക്ക് സൈയുടെ ഈ പാട്ടിലുള്ള;  അവിടത്തെ ജനങ്ങളുടെ ഉപഭോഗസംസ്കാരത്തെ കുറിച്ചുള്ള  ആക്ഷേപഹാസ്യത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ അത് ഒട്ടും തന്നെ ആവിഷ്കാരസ്വാതന്ത്ര്യം നല്‍കാത്ത പല രാജ്യങ്ങളുടെയും ഉറക്കം കേടുത്താതിരിക്കില്ല. ലോകം രണ്ടോ മൂന്നോ വെബ്സൈറ്റുകളിലേക്ക് ചെറുതാകുമ്പോള്‍; ഇനി മുതല്‍ ലോകരാഷ്ട്രങ്ങളുടെ ചാരസംഘങ്ങള്‍ ഇറാന്‍ ആണവപദ്ധതിയെക്കാളും അല്‍ഖയിദയെക്കാളും പേടിക്കുക അസ്സാഞ്ചിനെയും സക്കര്‍ബര്‍ഗിനെയും പോലെ ഉള്ള തലകള്‍ ഉണ്ടാക്കുന്ന വിവരസാങ്കേതികതയുടെ സാധ്യതകളില്‍ വന്നേക്കാവുന്ന ഇത്തരം ആവിഷ്കാരങ്ങള്‍ ആയിരിക്കും. റഷ്യയിലും ചൈനയിലും മാത്രമല്ല വിപ്ലവം നടക്കുക എന്നത് ടുനിഷ്യയും , ഈജിപ്തും ലിബിയയും തെളിയിച്ചതുമാണല്ലോ

മലയാളത്തില്‍ ഡയമണ്ട് നെക്ലസ് ചൂണ്ടി കാണിച്ച അമിത ഉപഭോഗസംസ്കാരം, മലയാളിക്ക് മാത്രമല്ല മറ്റുള്ളവരിലും ആശങ്ക ഉണ്ടാക്കുന്നു എന്നത്, വരാന്‍ പോകുന്ന ഒരു ചിന്തകളുടെ ഉയിര്ത്തെഴുനെല്പ്പിന്റെ ഒരു ചൂണ്ടുപലകയായിട്ടാണ് എനിക്ക് തോന്നുന്നത്.  സാമ്പത്തികമേഘല അതിവേഗം മാറുകയും വളരുകയും ചെയ്യുമ്പോള്‍; തളരുന്ന ഒരു ജനവിഭാഗമുണ്ട്. യാഥാസ്ഥിതികര്‍ എന്ന് പുതുതലമുറ ഇകഴ്ത്തികാണുന്ന; പരമ്പരാഗതതൊഴില്‍ മേഘലകളില്‍ തളച്ചിട്ടപെട്ട; അങ്ങനെ ചെയ്യേണ്ടി വരുന്ന ഒരു വലിയ ജനവിഭാഗം.  ഉപഭോഗസംസ്കാരാത്തിന്റെ യുക്തിയെ കുറിച്ചും ഉപയോഗത്തെ കുറിച്ചും ചിന്തിച്ചു തുടങ്ങുമ്പോള്‍ ആത്മീയമായി മുന്നോട്ട് ചിന്തിക്കാന്‍ ആ ജനവിഭാഗം തയ്യാറായാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.
  

Monday, December 31, 2012

ഡിസംബറിന്റെ പെണ്‍കുട്ടി

ഡിസംബറിന്റെ പെണ്‍കുട്ടി

കൂടുതലൊന്നും പറയാതെ തന്നെ ഒരു 6 മാസത്തേക്ക് ഇനി ഈ വാക്ക്, ദില്ലിയിലുണ്ടായ ആ പ്രതീകം ആണ് എന്ന് മനസ്സിലാകാത്തവര്‍ ഉണ്ടാവില്ല. ഒരു പാട് ചിന്തകള്‍ക്ക് തുടക്കമിടാന്‍, സോഷ്യല്‍ വെബ് സൈറ്റുകള്‍ ഇന്ന് വേദിയാകുന്നു. എന്നാല്‍ അതിലും വേഗതയിലാണ് ഈ പെണ്‍കുട്ടിയുടെ അനുഭവം ചിന്തകള്‍ക്ക് തിരി കൊളുത്തിയത്.



കിരാതനിയമങ്ങള്‍ എന്ന് എല്ലാവരും ഉറക്കെ പറഞ്ഞിരുന്ന സൗദി നിയമങ്ങള്‍; അഥവാ ശരിയത്ത് നിയമങ്ങള്‍ ആണ് ശരി എന്ന് പറയാന്‍ ആളുകളുണ്ടായി. ബലാല്‍സംഗത്തിന് മരണശിക്ഷ; അഥവാ ലിംഗം മുറിച്ചു കളയല്‍ എന്നുള്ള ആവശ്യങ്ങള്‍ ജനം പറഞ്ഞു തുടങ്ങി.പരസ്യശിക്ഷ ആണ് കുറ്റങ്ങള്‍ കുറക്കാനുള്ള മാര്‍ഗ്ഗം; അങ്ങനെ ഒരുപാട് നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ നിന്നും ഉണ്ടായി തുടങ്ങി. മനുഷ്യാവകാശ സംഘടനകള്‍; അവരുടെ സകലഫയലും ജനരോഷത്തെ ഭയന്നു ഉള്ളില്‍ എടുത്തു വെച്ച് കളഞ്ഞു.



നിയമവ്യവസ്ഥയുടെ കാര്യശേഷി ചോദ്യം ചെയ്യപെടുന്നു. സ്വയം വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണം എന്നും അസമയത്ത് ഒറ്റക്ക്  യാത്ര ചെയ്യരുത് എന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ പെട്ട സ്ത്രീകള്‍ തന്നെ പറയുന്നു. അറബ് രാജ്യങ്ങളില്‍ രാത്രി ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകളുടെ എണ്ണം ചൂണ്ടി കാണിച്ചാണ് ഈ അല്‍പവസ്ത്രധാരണരീതിയെ,  പലരും വിമര്‍ശിക്കുന്നത്.

മുന്‍വിധികളുടെ അടിസ്ഥാനത്തില്‍  ആയിരുന്നു പലപ്പോഴും ഇസ്ലാമിക ജീവിതരീതിയെ പലരും കണ്ടിരുന്നതും വിമര്‍ശിച്ചിരുന്നതും. ഇന്നീ ആവേശത്തില്‍ ചില  നിയമങ്ങളെ ശ്ലാഘിക്കുന്നവര്‍ നാളെ അവയെ തള്ളി പറയാതിരിക്കില്ല.

ഓരോ സമൂഹവും പിന്‍പറ്റുന്ന ജീവിതരീതി  ആവശ്യപെടുന്ന ചില നീതികളുണ്ട്; അവ  നിയന്ത്രിക്കേണ്ട ചില നിയമങ്ങളുടെ അനിവാര്യതയുമുണ്ട് എന്ന് വിശ്വസിക്കുന്നവന്‍ ആണ് ഞാന്‍.






7 ആണുങ്ങളും 7 പെണ്ണുങ്ങളും ഒപ്പം താമസിക്കും; അവര്‍ എല്ലാവരും പരസ്പരം ബന്ധപെടും എന്ന ചില ആശയങ്ങള്‍ വരെ ഉണ്ടായിരുന്ന സമൂഹത്തില്‍ ആണ്, ഒരാണിന്  ഉപാധികളോടെ 4 പെണ്‍. അത് തന്നെ, പെണ്ണുങ്ങള്‍ നിശ്ചയിക്കുന്ന മൂല്യം അവര്‍ക്ക് നല്‍കി; എന്നുള്ള നിയമം ശരിയത്ത് ആയി മാറിയത്.

ഇന്നത്തെ ജീവിതരീതി കഴിഞ്ഞ നൂറ്റാണ്ട് പോലെ അല്ല. ലൈംഗികഅരാജകത്വവും, വ്യക്തികേന്ദ്രീകൃതവും ആണ് ഇന്നത്തെ സമൂഹം. മുന്പ് പ്രായത്തെ കുറിച്ച് ഒരു ലേഖനം ഞാന്‍ എഴുതിയപ്പോള്‍, ഇതേ പറ്റി  സൂചിപ്പിച്ചിരുന്നു. ഇന്ന്  ഇന്ന് ഒരുപാട് സിവില്‍ കേസുകള്‍ സ്വത്ത്‌ തര്‍ക്കത്തിന്റെതാന്‍. ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന കുറ്റകൃത്യം സ്ത്രീകളോടുള്ള പീഡനങ്ങളും. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ, വിവാഹനിയമം ഏക സിവില്‍ കോഡ് ആക്കി, ശരിയത്ത് നിയമം നടപ്പിലാക്കണം എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ജീവിത രീതിക്ക് മാറ്റം വരുമ്പോള്‍; അവ പരിഷ്കരിക്കാം എന്നും.


എപ്പോഴും ഈ നിയമത്തെ എതിര്‍ക്കുന്ന ഫെമിനിസ്റ്റ് ചിന്താഗതിക്കാര്‍ പറയുന്ന ഒന്നാണ് ആണുങ്ങളുടെ സെക്സ് സ്വാതന്ത്ര്യം. ഒരു പുരുഷന് ഒന്നില്‍ കൂടുതല്‍ സ്ത്രീകളുമായി ബന്ധമുണ്ടായാല്‍; അവരില്‍ എല്ലാവരില്‍ ജനിക്കുന്നവരും ആരുടെ മക്കള്‍ ആണ് എന്ന് ഉറപ്പിച്ചു പറയാം. രക്ഷിതാവ്  എന്ന ഉത്തരവാദിത്തത്തില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞു മാറാന്‍ ആകില്ല. പക്ഷെ ഒരു സ്ത്രീ തിരിച്ചു പല ആണുങ്ങളുമായി ബന്ധമുണ്ടായാല്‍ അതിന് ഒരു രക്ഷിതാവിനെ കണ്ടെത്തുക അത്ര എളുപ്പമല്ല.മാത്രമല്ല; അങ്ങനെ സ്ത്രീകള്‍ക്കും ആകാം എന്നായിരുന്നു എങ്കില്‍; സ്വത്ത്‌ തര്‍ക്കത്തിന്റെ മാനം എവിടെ ചെന്ന് എത്തിയേനെ?   

ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകുമ്പോള്‍, അതും സ്ത്രീകള്‍ തീരുമാനം എടുത്തു നടക്കുന്ന വിവാഹങ്ങള്‍ ആകുമ്പോള്‍, ജനങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നത് കൂടും. സ്ത്രീകളോടുള്ള ആക്രമണം കുറയും.  
മഹര്‍ ആയി എന്തും ആവശ്യപെടാം എന്നാണ്. ഒരു സ്ഥിരവരുമാനം നല്‍കുന്ന സാധനം സ്ത്രീകള്‍ ഇവിടെ ആവശ്യപെട്ടുതുടങ്ങിയാല്‍; അങ്ങനെ സ്ത്രീകള്‍ വിവാഹത്തോടെ സംരംഭകരുമായാല്‍; സ്ത്രീ സ്വാതന്ത്ര്യവും ശാക്തീകരണവും സ്വാഭാവികമായും വളരും.ഒന്നില്‍ കൂടുതല്‍ ഭാര്യയുണ്ടായാല്‍; പുരുഷന് ലൈംഗികആക്രമണങ്ങള്‍ നടത്തേണ്ട മാനസിക കാരണങ്ങള്‍ കുറയുക തന്നെ ചെയ്യും.


ഇന്നത്തെ സാമൂഹികസ്ഥിതി വെച്ച് ഒന്ന് ചിന്തിക്കുക. ആവേശങ്ങള്‍ക്കപ്പുറത്തു അനിവാര്യമാക്കുന്ന ചില യാതാര്‍ത്ഥ്യങ്ങള്‍ അവ വിളിച്ചുപറയുന്നില്ലേ?