Tuesday, July 9, 2013

ചൈന നല്കിയ സന്ദേശം

ഇത്തവണയും ചൈനയിലേക്ക് യാത്ര തിരിക്കുമ്പോൾ; മനസ്സില് ഉണ്ടായിരുന്ന ചൈന;
ലോകത്തിന്റെ ഉത്പാദനമേഘല മൊത്തത്തിൽ ഭരിക്കുന്ന; രാജ്യത്തിന്റെ സമ്പന്നത വിളിച്ചോതുന്ന വഴികളും ജീവിതരീതികളുമായിരുന്നു. കഴിഞ്ഞ വര്ഷം ഞാൻ കണ്ട ചൈന എനിക്ക് തന്ന ഓർമ്മകൾ അതായിരുന്നു. മണിക്കൂറിൽ  500 കിലോമീറ്റർ വേഗതയിൽ പറക്കുന്ന ട്രെയിനും തൊട്ടുതൊട്ടു കിടക്കുന്ന അംബരചുംബികളും; വിശാലമായ മീന്കെട്ടുകളും ഒക്കെ ആയിരുന്നു. ദോഷം പറയരുതല്ലോ; ഒരു സമരവും ഞാൻ കണ്ടിരുന്നു. ഫാക്ടറിയുടെ റിസപ്ഷനിൽ ഒരു 5 മിനുട്ട് മുദ്രാവാക്യം വിളി; അത് കഴിഞ്ഞു നേരെ പണിശാലയിലേക്ക്.

അന്ന് കരുതിയിരുന്നതാ നാട്ടിലെ നാല് ബുജി സഖാക്കൾക്ക് ഒരു വണ്‍വേ ടിക്കറ്റ്‌ എടുത്തു കൊടുത്താലോ എന്ന്. ഒന്നുകിൽ അവിടെ പോയി തല വെച്ച് ആത്മഹത്യ ചെയ്യും. അല്ലെങ്കിൽ ഇവിടെ വന്നു വികസനത്തിന്റെ ചൈന മോഡൽ കുട്ടിസഖാക്കളെ പഠിപ്പിച്ചോളും. പക്ഷെ ഇത്തവണ അത് ഞാൻ മാറ്റി

ഇനി ഒരിക്കലും നമ്മുടെ നാട്ടിലെ സഖാക്കൾ അവിടെ പോയി പഠിക്കല്ലേ എന്നാണ് ഇന്ന് പ്രാര്ത്ഥന,  അത്രയ്ക്ക് ഹൃദയഭേദകം ആയിരുന്നു ആ കാഴ്ച. വെള്ളിയാഴ്ച്ച പള്ളിയിൾ പോയപ്പോൾ കണ്ട ഒരു തെരുവ്; ചൈനീസ്‌ ഗവണ്മെന്റ് അവരുടെ ജനങ്ങളോട് കാണിക്കുന്ന അവഗണന അത്ര അധികമുണ്ടോ? എനിക്കിത് വിശ്വസിക്കാൻ കഴിഞ്ഞില്ല. യാചന; അത് ലോകത്ത് എല്ലായിടത്തുമുണ്ട്. ഒരു ഡോളറിന്റെ താഴെ ഒരു ദിവസവരുമാനമുള്ള ഒരു വലിയ ജനസാമാന്യം ഉള്ള നമ്മുടെ നാട്ടിൽ പോലും ഇന്നത്‌ ആരാധനാലയങ്ങളുടെ സമീപത്തേക്ക് മാറികഴിഞ്ഞു. ചൈനയിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ശരീരം വിറ്റും കുട്ടികളെ കാണിച്ചും യാചകർ നിന്നപ്പോൾ അതിലൊന്നും വലിയ പുതുമയോ; അസ്വഭാവികതയോ എനിക്ക് തോന്നിയിരുന്നില്ല. എളുപ്പത്തിൽ അധ്വാനിക്കാതെ കാശ് ഒപ്പിക്കാൻ കുറെ പേർ എല്ലാ നാട്ടിലുമുണ്ടാകും. എന്നാലിത്......

ഒരു വലിയ തെരുവിലൂടെ നടന്നു വേണം; ഈ പറഞ്ഞ പള്ളിയുടെ അടുത്തെത്താൻ. ഏതാണ്ട് നമ്മുടെ കോഴിക്കോട്ടെ മിട്ടായിതെരുവ്. ആ നീളം ഞാൻ നടന്നു പോയപ്പോൾ; ഒരാള്ക്കു പിറകില ഒരാളായി അച്ചടക്കത്തോടെ തൊട്ടുതൊട്ടു നില്കുന്ന ഒരു വലിയ നിര യാചകരെ  ഞാൻ കണ്ടു. അത് വെറുതേ ഒരു പിച്ചചട്ടിയോ; ഒരു കൈ നീട്ടിയോ ആയിരുന്നു എങ്കിൽ എനിക്ക് ഇത്രക്ക് വേദനിക്കേണ്ട കാര്യം ഉണ്ടാകുമായിരുന്നില്ല. ഞാൻ പോയത് ടൂറിസ്റ്റുകൾ അധികം വരാത്ത ഒരു കാലത്തായിരുന്നു. എന്നിട്ടും; ആ പള്ളിയില വരുന്ന വിശ്വാസികളുടെ കരുണ തേടി ഒരു നീണ്ട നിര; അതും; 70% പ്രത്യേക അംഗശേഷിയുള്ളവരുടെത് കാണേണ്ടി വരുക എന്നത് എന്റെ കമ്മ്യുണിസ്റ്റു പാര്ട്ടിയെ കുറിച്ചുള്ള സങ്കല്പങ്ങളിൽ ഉണ്ടായിരുന്നില്ല. അതും പകുതിയിലേറെയും ഓരോ അപകടങ്ങളിൽ പെട്ടവർ.....

ഇതാണോ ആ പാർട്ടിയുടെ മാനവികത?
ഇതാണോ ഈ എല്ലാവരും ചൂണ്ടികാണിക്കുന്ന വികസന അജണ്ട?

ഇതാണോ വികസന അജണ്ട പൊക്കി പിടിക്കുന്നവരുടെ ബൈബിൾ?


എങ്കിൽ വേണ്ട; ഞാൻ ഇന്നേ ദൈവത്തിന്റെ സ്വന്തം നാട്ടിലാൻ.ഈ സുഖം ഒരിക്കലും നഷ്ടപെടരുതെ എന്ന പ്രാര്ത്ഥന മാത്രം ആയിരുന്നു തിരിച്ചുള്ള യാത്രയിൽ. ദോഷം പറയരുതല്ലോ. ദുബൈയിൽ തിരിച്ചെത്തിയ ഉടൻ ഞാൻ ആദ്യം ചെയ്തത് നാട്ടില അഡ്വാൻസ്‌ കൊടുത്ത വീടിനു ബാക്കിയുള്ള സംഖ്യ അടച്ചു തീര്ക്കാനുള്ള പണികൾ ആയിരുന്നു.